തൃക്കരിപ്പൂർ: ഇല്ലാത്ത ക്യാമ്പിൽ ആർടിപിസിആർ പരിശോധനയ്‌ക്ക് എത്തി മടങ്ങിയത് നൂറിലേറെ പേർ. ഇന്നലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ മണിയനോടിയിലാണ് സംഭവം. കേന്ദ്രത്തിൽ ഒൻപത് മണിക്ക് പരിശോധന ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്. ഇതറിഞ്ഞു രജിസ്‌റ്റർ ചെയ്‌ത നൂറുകണക്കിന് ആളുകളാണ് രാവിലെ തന്നെ ഇവിടെ എത്തി ടോക്കൺ കൈപ്പറ്റി വരി നിന്നത്. എന്നാൽ, 12 മണി കഴിഞ്ഞിട്ടും പരിശോധന നടക്കാതെ ആളുകൾ ഇവിടെ നിന്ന് നിരാശരായി മടങ്ങുകയാണ് ചെയ്‌തത്.
12 മണി കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോ ജീവനക്കാരോ ക്യാമ്പിൽ എത്തിയില്ലെന്ന് പരിശോധനയ്‌ക്കായി എത്തിയവർ പറഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും അധികൃതർ എത്താത്തതിനെ തുടർന്ന് ജനങ്ങൾ ക്ഷുഭിതരായതോടെ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ധീൻ ആയിറ്റി വിഷയത്തിൽ ഇടപെട്ടു. ഇതോടെ ഇദ്ദേഹവുമായി ആളുകൾ വാക്കുതർക്കത്തിലായി. തുടർന്ന് ആളുകൾ ക്യാമ്പിൽ നിന്ന് മടങ്ങുകയാണ് ചെയ്‌തത്.
എന്നാൽ, ഇത്തരമൊരു ക്യാമ്പ് നടത്തുന്ന വിവരം തങ്ങൾ അറിഞ്ഞില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകിയ വിശദീകരണം. ക്യാമ്പിന് നേതൃത്വം നൽകേണ്ടവർ ഇന്നലെ ക്യാമ്പ് നടത്തുന്ന വിവരം അറിഞ്ഞില്ലെന്നും അറിയിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഷംസുദ്ധീൻ ആയിറ്റി മന്ത്രി വീണാ ജോർജിനോട് ആവശ്യപ്പെട്ടു.
Read Also: കുതിരാനിലെ രണ്ടാം തുരങ്കം ഡിസംബറോടെ പണി പൂർത്തിയാക്കും