കൊച്ചി: എറണാകുളം ഇടമലയാർ ഡാം നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെമീ വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.
കോതമംഗലം താലൂക്കിലെ മേഖലകളിലും പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഇടമലയാർ ഡാമിന്റെ നിലവിലെ ജലനിരപ്പ് 165.3 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി 169 മീറ്ററാണ്.
മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍ ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ മഴ പ്രതികൂലമായാൽ ഡാം തുറക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ഡാമില്‍ വൈകിട്ടോടെ റെഡ് അലര്‍ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: പത്തനംതിട്ടയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ







































