ന്യൂ ഡെല്‍ഹി : ലോകത്ത് പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിന്‍ വിജയിച്ചാല്‍ അത് ലോകജനതയുടെ നന്മക്കായി വിതരണം ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അതിന്റെ മൂന്നാം ഘട്ട ട്രയല്‍ പരീക്ഷണത്തിലാണ്. വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവും ആണെന്ന് ഉറപ്പ് വരുത്തും. ശേഷം വിജയകരമാകുന്ന സാഹചര്യത്തില്‍ അത് ലോക ജനതക്ക് മുഴുവന്‍ ഉപകാരപ്രദമാകുന്ന വിധത്തില്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്തി പറഞ്ഞു. ഒപ്പം തന്നെ കോവിഡ് മഹാമാരിക്കിടയില്‍ 150 ഓളം രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കാനും ഇന്ത്യക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തു. സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒപ്പം തന്നെ കോവിഡ് പ്രതിരോധത്തില്‍ ഐക്യരാഷ്‌ട്രസഭ എവിടെയാണെന്നും അദ്ദേഹം ആരോപിച്ചു.
Read also : ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു