തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്‌ഥാനത്തിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആ പരാമർശത്തിന്റെ പേരിൽ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടേയുമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിന് സംരക്ഷണവും, പത്രവാർത്തയുടെ അടിസ്‌ഥാനത്തിൽ സംസാരിച്ച തനിക്കെതിരെ കേസുമാണ് കോൺഗ്രസ് നയമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തനിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എംവി ഗോവിന്ദനുമെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുമെന്ന് ഇന്ന് രാവിലെ സുധാകരൻ പറഞ്ഞിരുന്നു.
ഇത് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി വ്യക്‌തമാക്കിയത്. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ ആരോപിച്ചത്. എന്നാൽ, ഈ ആരോപണം സുധാകരൻ പൂർണമായും തള്ളി. താനവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്‌തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ചോദ്യം ചെയ്‌തതിന് ആത്‌മവിശ്വാസം ഉണ്ടെന്നും സുധാകരൻ ഇന്ന് കണ്ണൂരിൽ പറഞ്ഞിരുന്നു. കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും, തൽക്കാലം സ്‌ഥാനത്ത് നിന്ന് ഒഴിയുന്നില്ലെന്നും സുധാകരൻ വ്യക്‌തമാക്കി. ഹൈക്കമാൻഡ് അറിയിപ്പിനെ തുടർന്നാണ് നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Most Read: വന്ദേഭാരതിന്റെ ശുചിമുറിയിൽ വാതിലടച്ചിരുന്ന യുവാവിനെ പുറത്തിറക്കി; ചോദ്യം ചെയ്യുന്നു