കാസർഗോഡ്: പരിശോധന കുറഞ്ഞതോടെ ജില്ലയിലെ കാറഡുക്ക, ദേലംപാടി, മുളയൂർ എന്നീ പഞ്ചായത്തുകളിലെ അനധികൃത മദ്യക്കടത്ത് രൂക്ഷം. എക്സൈസ് റേഞ്ച് ഓഫിസ് ബദിയടുക്കയിലേക്ക് മാറ്റിയതോടെയാണ് നിലവിൽ പരിശോധന കുറഞ്ഞത്. ദൂരക്കൂടുതൽ മൂലം പരിശോധന കുറഞ്ഞപ്പോൾ ഇത് മുതലെടുത്ത് കർണാടകയിൽ നിന്നുൾപ്പടെ മദ്യക്കടത്ത് ഈ പഞ്ചായത്തുകളിൽ രൂക്ഷമായി.
മുള്ളേരിയയിലെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന റേഞ്ച് ഓഫിസ് ഈ വർഷമാണ് ബദിയടുക്കയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതോടെ ദേലംപാടി, മുളയൂർ, കാറഡുക്ക എന്നിവിടങ്ങളിലെ പരിശോധന കുറഞ്ഞു. ഏകദേശം 50 കിലോമീറ്ററാണ് ബദിയടുക്കയിൽ നിന്നും ഇവിടേക്കുള്ളത്. ഇതോടെയാണ് ഇപ്പോൾ പരിശോധന കുറഞ്ഞതും, മദ്യക്കടത്ത് വർധിച്ചതും.
നിലവിൽ നൂറുകണക്കിന് ലിറ്റർ മദ്യമാണ് കർണാടകയിൽ നിന്നും ഈ ജില്ലകളിൽ എത്തുന്നത്. കൂടാതെ ചാരായ വിൽപനയും, വാറ്റും വർധിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച പരാതി അറിയിച്ചാൽ പോലും എക്സൈസ് ഉദ്യോഗസ്ഥർ നടപടി എടുക്കാൻ എത്തുന്നില്ലെന്ന് നിലവിൽ ആരോപണം ഉയരുന്നുണ്ട്. മുളിയാർ പഞ്ചായത്തിലെ കാനത്തൂരിലും പരിസരത്തുമായി പത്തിലേറെ പേരാണ് അനധികൃത മദ്യവിൽപന നടത്തുന്നത്. ഇവിടങ്ങളിൽ എക്സൈസ് പരിശോധന ശക്തമാക്കിയാൽ മാത്രമേ ഇതിന് തടയിടാൻ സാധിക്കൂ എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
Read also: അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും







































