ബെംഗളൂരു: ബെലഗാവിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾ മരിച്ചത് ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ കാരണമെന്ന് റിപ്പോർട്. അഞ്ചാം പനിക്കും റുബെല്ലയ്‌ക്കും എതിരായ വാക്‌സിൻ എടുത്ത കുട്ടികൾക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കുത്തിവെപ്പിനിടെ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ ജീവനക്കാർ പാലിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കുത്തിവെപ്പെടുത്ത നഴ്‌സിനെയും മരുന്ന് കൈമാറിയ ഫാർമസിസ്‌റ്റിനെയും സസ്‌പെൻഡ് ചെയ്‌തതായി ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.
രാമദുർഗ താലൂക്കിലെ ബൊച്ചബാൽ ഗ്രാമത്തിലെ 13 മാസം പ്രായമുള്ള പവിത്ര ഹുലഗൂർ, 14 മാസം പ്രായമുള്ള മധു ഉമേഷ്, മല്ലപുർ താലൂക്കിലെ 12 മാസം പ്രായമുള്ള ചേതൻ പൂജാരി എന്നീ കുട്ടികളാണ് മരിച്ചത്. അണുബാധയേറ്റ രണ്ട് കുട്ടികൾ ബെലഗാവി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.
രാമദുർഗയിലെ സാലഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ രണ്ട് അംഗനവാടികളിൽ വെച്ചാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. ആദ്യ ഡോസും രണ്ടാം ഡോസും നൽകിയ കുട്ടികൾക്കാണ് അണുബാധ ഉണ്ടായത്. അസ്വാസ്‌ഥ്യവും വയറിളക്കവും അനുഭവപ്പെട്ട കുട്ടികളെ ബെലഗാവി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസക്കിടെ മരിക്കുകയായിരുന്നു.
കുത്തിവെപ്പ് നൽകിയ സിറിഞ്ച് ശരിയായ രീതിയിൽ അണുവിമുക്‌തമാക്കാതിരുന്നത് ദുരന്തത്തിലേക്ക് നയിച്ചെന്നാണ് കരുതുന്നത്. കുത്തിവെപ്പിനുള്ള മരുന്ന് നഴ്‌സ് നേരത്തെ തന്നെ ഫാർമസിസ്‌റ്റിൽ നിന്ന് വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്‌തമായി. ഒരു മരുന്ന് ഭക്ഷണ സാധനങ്ങൾക്കൊപ്പം ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Also Read: പുതുച്ചേരിയില്‍ ബിജെപിയുടെ അയിത്ത മതില്‍; പ്രതിഷേധിച്ച് സിപിഐഎം