ന്യൂഡെൽഹി: ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കോവിഡ് ബാധിക്കാത്തതെന്ന വാദവുമായി ഭോപ്പാലിലെ ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂർ. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും എംപി അവകാശപ്പെടുന്നു. ഒരു പൊതു പരിപാടിക്കിടെയാണ് പ്രജ്‌ഞയുടെ പ്രസ്‌താവന. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
“ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകർച്ചവ്യാധി കുറക്കാൻ സഹായിക്കും. ഞാൻ എന്നും ഗോമൂത്രം കുടിക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇപ്പോൾ കോവിഡ്ബാധ ഇല്ലാത്തത്,”- പ്രജ്‌ഞ സിങ് താക്കൂർ പറയുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണ്. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് മൂന്ന് ലക്ഷത്തിന് താഴെയാണ്. 2,81,386 പേർക്കാണ് ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4106 പേർ കോവിഡ് മൂലം മരണപ്പെട്ടു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.
പല സംസ്‌ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗ ബാധിതരുണ്ടായിരുന്ന മഹാരാഷ്‌ട്രയിലും ഡെൽഹിയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
Also Read: ആവശ്യത്തിന് എവിടെയും കാണില്ല; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി







































