വാഷിങ്ടൺ: റഷ്യ യുക്രെയ്‌നിൽ ആക്രമണം നടത്തുന്നതിനിടെ മോസ്‌കോ സന്ദർശിക്കുന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് യുഎസിന്റെ വിമർശനം. റഷ്യയുടെ നടപടികൾക്കെതിരെ ശബ്‌ദം ഉയർത്താൻ എല്ലാ ഉത്തരവാദിത്തപ്പെട്ട രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ് നെഡ് പ്രൈസ് പറഞ്ഞു.
പാകിസ്‌ഥാനുമായി ആശയവിനിമയം നടത്തി. റഷ്യ അധിനിവേശം നടത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് അറിയിച്ചു. യുക്രെയ്‌നൊപ്പം നിൽക്കേണ്ടത് യുഎസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും നെഡ് പ്രൈസ് വ്യക്‌തമാക്കി.
സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ഇമ്രാൻ ഖാൻ മോസ്‌കോയിൽ എത്തിയത്. പാശ്‌ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ സന്ദർശനം. റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെ സന്ദർശിക്കുന്ന ആദ്യത്തെ വിദേശ നേതാവ് കൂടിയാണ് ഇമ്രാൻ ഖാൻ. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാനുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളും പുടിനുമായി ഇമ്രാൻ ഖാൻ ചർച്ച ചെയ്യും. റഷ്യൻ നടപടികളോട് അനുകൂല നിലപാട് പുലർത്തുന്നതിന്റെ ഭാഗമായാണ് ഇമ്രാൻ സന്ദർശനം നടത്തിയതെന്നാണ് വിലയിരുത്തൽ.
Most Read: രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; ആന്റണി ടിജിൻ പോലീസ് കസ്‌റ്റഡിയിൽ