വയനാട്: ‘ഓപ്പറേഷൻ ഡെസി ബെല്ലി’ന്റെ ഭാഗമായി വയനാട് ജില്ലയിൽ വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കുന്ന നടപടി ആരംഭിച്ചു. കാതടിപ്പിക്കുന്ന ശബ്‌ദത്തിൽ ഹോൺമുഴക്കുന്ന വാഹനങ്ങൾ വർധിച്ചതോടെ കേൾവിത്തകരാർ പോലുള്ള പ്രശ്‌നങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിൽ ഹോൺ മുഴക്കുന്ന വാഹനങ്ങൾ ജില്ലയിൽ ഏറെയാണ്. ഇതിനെതിരെ പരാതികൾ കൂടിയതിന്റെയും സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർക്കെതിരെ വിമർശനം ഉയർന്നതിന്റെയും പശ്‌ചാത്തലത്തിലണ് നടപടി ആരംഭിച്ചിരിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി ജില്ലയിലുടനീളം മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച ഓപ്പറേഷൻ ഡെസി ബെല്ലിൽ 138 വാഹനങ്ങളിൽ നിന്നായി 2,10,000 രൂപയാണ് പിഴയായി ഈടാക്കിയത്. നിരോധിത മേഖലകളിൽ ഹോൺ മുഴക്കിയതും, ശബ്‌ദ പരിധി ലംഘിച്ചതും, സൈലൻസറുകളിൽ രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾ എന്നിവയ്‌ക്കാണ് പിഴ ഈടാക്കിയത്. എൻഫോഴ്‌സ്‌മെന്റിന്റെയും ആർടിഒയുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠന പ്രകാരം ഓട്ടോ, ബസ് ഡ്രൈവർമാരിൽ അറുപത് ശതമാനം പേർക്കും കേൾവിത്തകരാർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ചെവിയടഞ്ഞ് പോകുന്ന തരത്തിലുള്ള ഹോണുകളുടെ ഉപയോഗം വർധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഗർഭസ്‌ഥ ശിശുക്കൾ മുതൽ മുതിർന്ന പൗരൻമാർക്ക് വരെയും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും പഠനം പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
Most Read: യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ








































