തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ യുവാവിനെ കൊന്ന് കാൽ വെട്ടി മാറ്റിയ സംഭവത്തിൽ മൂന്നുപ്രതികൾ കസ്‌റ്റഡിയിൽ ആയതായി റിപ്പോർട്. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്‌ജിത്, ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22), മൊട്ട നിധീഷ് (24) എന്നിവർ പിടിയിലായതായാണ് വിവരം. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും റൂറൽ എസ്‌പി പികെ മധു മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികളെ കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷും പ്രതികളും നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഗുണ്ടാപ്പകയാണ് സുധീഷിന്റെ കൊലപാതകത്തിന് കാരണം. പ്രതികൾ ഒളിവിലാണെന്നാണ് നിഗമനം. എത്രയും പെട്ടെന്ന് ഇവരെ പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും എസ്‌പി പറഞ്ഞു.
ജില്ലയിലെ ഡിവൈഎസ്‌പിമാർ, എസിപി തുടങ്ങിയവർ പലസംഘടങ്ങളായാണ് കേസിൽ അന്വേഷണം നടത്തുന്നത്. പലരും നിരീക്ഷണത്തിലാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾക്കായി പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. അക്രമിസംഘത്തിൽ 11ഓളം പേരുണ്ടെന്നാണ് വിവരം. ഒരാഴ്‌ച മുൻപ് കൊല്ലപ്പെട്ട സുധീഷും പ്രതികളും ഉൾപ്പെട്ട ഒരു കേസുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്.
സുധീഷിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓട്ടോയും ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കസ്‌റ്റഡിയിലായ രഞ്‌ജിത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. സംഭവത്തിൽ ശേഷം ഓട്ടോയുമായി വഞ്ചിയൂരിലെ ഭാര്യവീട്ടിൽ എത്തിയ ഇയാളെ ഓട്ടോയിൽ കിടന്നുറങ്ങുന്നതിനിടെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൃത്യം നടത്തിയ ശേഷം എല്ലാവരും പലവഴിക്ക് പോയെന്നാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
കൊലപാതകത്തിന് മുൻപ് രഞ്‌ജിത് ഓട്ടോയിൽ നിന്ന് വാളും ആയുധങ്ങളും പുറത്തെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ കാൽ റോഡിൽ വലിച്ചെറിഞ്ഞ ആളിനെയും തിരിച്ചറിഞ്ഞു. സുധീഷ് എന്ന ഉണ്ണിയാണ് ബൈക്കിൽ നിന്ന് കാൽ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് അരുംകൊല നടന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘം സുധീഷിനെ ആക്രമിക്കാൻ ഓടിക്കുകയായിരുന്നു. രക്ഷപെടാനായി സുധീഷ് ഓടിക്കയറിയ വീട്ടിലെത്തിയ അക്രമികൾ വീടിനുള്ളിലിട്ട് ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സുധീഷിന്റെ ഇരുകാലുകളും അക്രമികൾ വെട്ടിമുറിച്ചു. എന്നിട്ടും പകതീരാതെ മുറിച്ചിട്ട ഒരുകാലുമെടുത്ത് ബൈക്കിൽക്കയറി നാട്ടുകാരെ മുഴുവൻ അത് ഉയർത്തിക്കാട്ടി ഭീഷണിമുഴക്കുകയും അരക്കിലോമീറ്ററോളം പോയശേഷം റോഡിൽ വലിച്ചെറിയുകയുമായിരുന്നു.
Also Read: അബുദാബിയിൽ ബാറും റെസ്‌റ്റോറന്റും; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കൂടുതൽ തെളിവുകൾ