ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് നടക്കും. അയോധ്യ രാമക്ഷേത്ര ഉൽഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. ഇതോടൊപ്പം പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്‌റ്റേഷനും മോദി ഉൽഘാടനം ചെയ്യും. 15,700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്‌റ്റേഷൻ, പുതുക്കി പണിത അന്താരാഷ്‌ട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്ത അമൃത് ഭാരത് ട്രെയിനുകൾ, ആറ് പുതിയ വന്ദേഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ഗ്രീൻ ഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ തുടങ്ങി എല്ലാ പദ്ധതികളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ് ഒരുങ്ങുന്നത്.
രാവിലെ 11.15ന് 240 കോടി ചിലവിട്ടു പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്‌റ്റേഷൻ ഉൽഘാടനം ചെയ്യും. 12.15ന് 1450 കോടി ചിലവിട്ടു വികസിപ്പിച്ച വിമാനത്താവളവും ഉൽഘാടനം ചെയ്യും. ഉച്ചക്ക് ഒരുമണിക്കാണ് റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു അയോധ്യ നഗരം മുഴുവൻ ഇതിനോടകം അലങ്കരിച്ചു കഴിഞ്ഞു. അയോധ്യ ക്ഷേത്രം പ്രതിഷ്‌ഠയ്‌ക്ക് മുൻപ് രാഷ്‌ട്രീയ ചർച്ച സജീവമാക്കാനാകും മോദി ഇന്ന് ശ്രമിക്കുക.
അതേസമയം, നിരോധിത ഖാലിസ്‌ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിങ് പന്നു മോദിയെ റോഡ് ഷോക്കിടെ അക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ചു സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യപ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനമെന്നാണ് വിലയിരുത്തൽ.
Most Read| തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; തറവാടക മുൻവർഷത്തെ തുക മതിയെന്ന് മുഖ്യമന്ത്രി