കാസർഗോഡ്: തൃക്കരിപ്പൂർ മുച്ചിലോട്ട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുച്ചിലോട്ട് സ്വദേശി എൻ സുനിൽ കുമാറിനെയാണ് ഈ മാസം എട്ടാം തീയതി രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നതിന്റെ തലേദിവസം രാത്രി സുനിൽകുമാറിന്റെ കൂടെ ഉണ്ടായിരുന്ന കെ അനൂപ്, പി ദീപക് എന്നിവരാണ് അറസ്റ്റിലായത്.
സുനിൽകുമാറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ഭാര്യ ഷിനി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. ആദ്യം ചന്തേര പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. അനൂപിനെയും ദീപക്കിനെയും ചന്തേര പോലീസ് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ, അന്വേഷണം മുന്നോട്ട് പോയില്ല.
തുടർന്ന് ഷിനി നേരിട്ട് ജില്ലാ പോലീസ് സൂപ്രണ്ട്, മുഖ്യമന്ത്രി, എം രാജഗോപാൽ എംഎൽഎ, യുവജന കമ്മീഷൻ എന്നിവർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവം നടന്ന ഏഴിന് രാത്രി കുളത്തിന് സമീപം സുനിൽകുമാറിനൊപ്പം അനൂപും ദീപക്കും ഉണ്ടായിരുന്നു. പരിസരത്തെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Most Read: തേഞ്ഞിപ്പലത്ത് പെൺകുട്ടിയുടെ മരണം; സിഐ അപമാനിച്ചെന്ന് ആത്മഹത്യാ കുറിപ്പ്






































