ന്യൂഡെൽഹി: ആദായ നികുതി ഉദ്യോഗസ്‌ഥർ റോബർട്ട് വാദ്രയുടെ ഓഫീസിലെത്തി. വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ കിഴക്കൻ ഡെൽഹിയിലെ സുഖ്‌ദേവ് വിഹാറിലുള്ള വാദ്രയുടെ ഓഫീസിൽ എത്തിയത്. പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയുടെ മൊഴി ഉദ്യോഗസ്‌ഥർ രേഖപ്പെടുത്തും.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്‌തിയാണ് വാദ്ര. ഇതിൽ 2018ൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ നിരന്തരം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.
2015ൽ വാദ്രയുടെ കമ്പനിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കലിനും കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. കുറഞ്ഞ ചിലവിൽ 69.55 ഹെക്‌ടർ ഭൂമി സ്വന്തമാക്കിയെന്നും അനധികൃത വിൽപ്പനയിലൂടെ 5.15 കോടി നേടിയെന്നുമാണ് കേസ്. ഇതുകൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വാദ്രക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, പരിശോധനക്കായല്ല വാദ്രയുടെ ഓഫീസിൽ പോകുന്നതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ കേസുകൾക്ക് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്നാണ് റോബർട്ട് വാദ്രയുടെ വിശദീകരണം.
Read also:കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി; ഇന്ന് പരിഹാരമാകുമെന്ന് കൃഷിമന്ത്രി