അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ഈ വർഷം അവസാനം നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ റിഹേഴ്സലായാണ് പരമ്പര പരിഗണിക്കപ്പെടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7നാണ് മൽസരം തുടങ്ങുക. പരമ്പരയിലെ 5 മൽസരങ്ങളും ഈ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുക.
അവസരം കാത്ത് വൻനിര തന്നെയാണ് ടീമിലുള്ളത്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രാഹുൽ തെവാട്ടിയ എന്നിവർ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുകയാണ്. അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഋഷഭ് പന്ത് തുടങ്ങിയവർ ടീമിനുള്ളിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ട്യ തുടങ്ങിയവർ ടീമിൽ തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്.
രോഹിത് ശർമ്മക്കൊപ്പം കെഎൽ രാഹുലാകും ഓപ്പണർ ആകുകയെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. മൂന്നാം നമ്പറിൽ കോഹ്ലി ഇറങ്ങുമ്പോൾ നാലാമതായി ശ്രേയസ് അയ്യരോ സൂര്യകുമാർ യാദവോ അല്ലെങ്കിൽ ഇഷാൻ കിഷനോ എത്തും. ഇപ്പോൾ ഗംഭീര ഫോമിലുള്ള വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനേയും ഒഴിച്ചുനിർത്താനാവില്ല.
പേസ് ബൗളിങ്ങിൽ സീനിയർ താരം ഭുവനേശ്വർ കുമാറിനൊപ്പം ദീപക് ചഹാർ, ശാർദൂൽ ഠാക്കൂർ, നവ്ദീപ് സെയ്നി എന്നിവരും രംഗത്തുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ട്യയും ടീമിൽ ഉണ്ടായേക്കും. സ്പിൻ വിഭാഗത്തിൽ യുസ്വേന്ദ്ര ചഹലിനൊപ്പം അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറും പരിഗണനയിലുണ്ട്. ഇരുവരും മികച്ച ബാറ്റ്സ്മാൻമാർ കൂടിയാണ്.
Read also: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടിയിലേക്ക്








































