പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗിമായി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത വാർത്താ സമ്മേളനത്തിൽ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
സീറ്റ് വിഭജനത്തെ ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തേജസ്വി യാദവ് പ്രതിബദ്ധതയുള്ള ചെറുപ്പക്കാരനാണ്. അതിനാലാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ഗെലോട്ട് പറഞ്ഞു.
എനിക്ക് അമിത് ഷായയോട് ഇത്രയേ ചോദിക്കാനുള്ളൂ. ഞങ്ങളുടെ മുഖം തേജസ്വി യാദവാണ്. ഇനി എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് സ്ഥിരീകരിക്കേണ്ടത് നിങ്ങളാണ്. വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ തലവൻ മുകേഷ് സാഹ്നിയാണ് സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയെന്നും കൂടുതൽ ഉപമുഖ്യമന്ത്രിമാരെ പിന്നീട് പ്രഖ്യാപിക്കാമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.
ആകെയുള്ള 243 സീറ്റുകളിൽ ആർജെഡി 143 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ് 59 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി 15 സീറ്റുകളിലും ഇടതുകക്ഷികളായ സിപിഐഎംഎൽ, സിപിഎം, സിപിഐ എന്നിവർ 30 സീറ്റുകളിലുമായാണ് ജനവിധി തേടുന്നത്. പലയിടത്തും ഇന്ത്യാ സഖ്യ സ്ഥാനാർഥികൾ തമ്മിൽ മൽസരം നടക്കുന്നുണ്ട്.
രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ ആറിന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ. ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. 14 ലക്ഷം പുതിയ വോട്ടർമാരാണ്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































