ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം പുതിയ തലത്തിലേക്ക്. ഈ വർഷത്തെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിൻവലിക്കാൻ ബിസിസിഐ നീക്കം. ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ.
പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള പാക്ക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയ സാഹചര്യത്തിൽ ക്രിക്കറ്റിലും പാക്കിസ്‌ഥാനെ ഒറ്റപ്പടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) നയിക്കുന്നത് പാക്കിസ്‌ഥാൻ അഭ്യന്തര മന്ത്രിയും പാക്ക് ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനും കൂടിയായ മൊഹ്‌സിൻ നഖ്വിയാണ്.
ഇക്കാരണം മുൻനിർത്തിയാണ് ബിസിസിഐയുടെ തീരുമാനം. ഇതോടെ അടുത്തമാസം ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമേർജിങ് ടീമുകളുടെ ഏഷ്യ കപ്പിൽ നിന്നും സെപ്‌തംബറിൽ നടക്കുന്ന പുരുഷ ഏഷ്യ കപ്പിൽ നിന്നും പിൻമാറുന്നതായി ബിസിസിഐ, എസിസിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പാക്ക് മന്ത്രി നയിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റുകളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാനാണ് ഇന്ത്യയുടെ തീരുമാനം.
സെപ്‌തംബറിലാണ് ഇന്ത്യ ആതിഥേയരായ ഏഷ്യ കപ്പ് ടൂർണമെന്റ്. ഇന്ത്യയും പാക്കിസ്‌ഥാനും കൂടാതെ ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ, ശ്രീലങ്ക ടീമുകളും ടൂർണമെന്റിന്റെ ഭാഗമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റ് മൽസരങ്ങളുടെ മിക്ക സ്‌പോൺസർമാരും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ഇന്ത്യയുടെ പങ്കാളിത്തമില്ലാത്ത ഏഷ്യ കപ്പ് പ്രായോഗികമല്ലെന്ന് ബിസിസിഐക്ക് അറിയാം.
എന്നാൽ, ഇന്ത്യ-പാക്കിസ്‌ഥാൻ മൽസരം ഇല്ലാതെ ടൂർണമെന്റ് സംഘടിപ്പിക്കാനുമാകില്ല. ഐസിസി, എസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഇന്ത്യ-പാക്ക് മൽസരങ്ങളിൽ നിന്നാണ്. നിലവിൽ ഐസിസി, എസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ-പാക്ക് മൽസരങ്ങൾ നടക്കുന്നത്.
ഇന്ത്യയുടെ നിലപാട് ടൂർണമെന്റിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. പാക്കിസ്‌ഥാനിൽ കളിക്കുന്നതിന് ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്ന് പാക്കിസ്‌ഥാൻ ആതിഥേയത്വം വഹിച്ച 2023 ഏഷ്യ കപ്പിലെ ഇന്ത്യയുടെ മൽസരങ്ങൾ ശ്രീലങ്കയിലും കഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൽസരങ്ങൾ യുഎഇയിലുമാണ് നടത്തിയത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി