കുട്ടികളുടെ വാക്‌സിനേഷൻ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലെന്ന് പഠനം. 2023-ലെ കണക്കനുസരിച്ച് 1.44 ദശലക്ഷം കുട്ടികൾക്ക് ഒരു വാക്‌സിനേഷനും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലാൻസൈറ്റ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
തെക്കൻ ഏഷ്യയിലെയും ആഫ്രിക്കയിലെയും കുട്ടികൾക്ക് ഇപ്പോഴും ജീവൻരക്ഷാ വാക്‌സിനുകൾ ലഭിക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. ഗ്ളോബൽ ബർഡൻ ഓഫ് ഡിസീസ് 2023 ഡാറ്റയെ അടിസ്‌ഥാനമാക്കിയാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. 1980നും 2023നുമിടയിലെ വിവിധ രാജ്യങ്ങളുടെ കണക്ക് പഠനത്തിൽ പരിശോധിക്കുന്നുണ്ട്.
ഡിഫ്‌തീരിയ, അഞ്ചാംപനി, പോളിയോ, ക്ഷയം, ന്യൂമോണിയ, റോട്ടാവൈറസ് എന്നിവയ്‌ക്കെതിരെ സംരക്ഷണം നൽകുന്നത് ഉൾപ്പടെ 11 പ്രധാന വാക്‌സിനുകളിലാണ് പഠനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2023ൽ ആഗോളതലത്തിൽ ഏകദേശം 1.57 കോടി കുട്ടികൾക്ക് അവരുടെ ജീവിതത്തിന്റെ ആദ്യ വർഷത്തിൽ ലഭിക്കേണ്ട ഡിഫ്‌തീരിയ, ടെറ്റനസ്, പെർട്ടൂസിസ് (ഡിടിപി) എന്നീ വാക്‌സിനുകളുടെ ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല.
2010നും 2019നുമിടയിൽ 204 രാജ്യങ്ങളിൽ 100 എണ്ണത്തിലും അഞ്ചാംപനി വാക്‌സിനേഷൻ കവറേജ് കുറഞ്ഞു. വാക്‌സിനേഷൻ ലഭിക്കാതിരിക്കുന്ന 1.57 കുട്ടികളിൽ പകുതിയിലധികം പേരും വെറും എട്ട് രാജ്യങ്ങളിൽ നിന്നാണ്. നൈജീരിയ (24.8 ലക്ഷം), ഇന്ത്യ (14.4 ലക്ഷം), ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ (8.82 ലക്ഷം), എത്യോപ്യ (7.82 ലക്ഷം), സോമാലിയ (7.10 ലക്ഷം), സുഡാൻ (6.27 ലക്ഷം), ഇന്തൊനേഷ്യ (5.38 ലക്ഷം), ബ്രസീൽ (4.52 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.
1974ൽ ലോകാരോഗ്യ സംഘടനയുടെ (WHO) പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച പദ്ധതി ആരംഭിച്ചത് മുതൽ ലോകമെമ്പാടുമായി ഏകദേശം 15 കോടി കുട്ടികളെ മരണത്തിൽ നിന്ന് സംരക്ഷിക്കാൻ വാക്‌സിനേഷന് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ഈ പുരോഗതി മന്ദഗതിയിലായി. കോവിഡ് 19 മഹാമാരി കാലത്ത് പല രാജ്യങ്ങളിലെയും വാക്‌സിൻ കവറേജ് കുറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Most Read| ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുത്; രാജ്‌നാഥ് സിങ്