ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,06,65,148 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3,38,439 പേർ രോഗമുക്തി നേടിയപ്പോൾ 3,780 മരണത്തിനും രാജ്യം സാക്ഷ്യം വഹിച്ചു.
രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 1,69,51,731 ആണ്. നിലവിൽ 34,87,229 കോവിഡ് കേസുകൾ രാജ്യത്തുണ്ട്. അതേസമയം 3,780 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 2,26,188 ആയി ഉയർന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം മെയ് 3 വരെ 29,48,52,078 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ ചൊവ്വാഴ്ച 15,41,299 സാമ്പിളുകൾ ടെസ്റ്റ് ചെയ്തു.
ഇതുവരെ രാജ്യത്ത് 16,04,94,188 ഡോസിലേറെ വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം വാക്സിൻ ക്ഷാമവും ഓക്സിജന്റെ ലഭ്യതക്കുറവും രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുൾപ്പടെ 11 പേര് മരണപ്പെട്ടിരുന്നു. കർണാടകയിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഡെൽഹിയിലും ഉത്തർപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല.
Read Also: ലബോറട്ടറികളുടെ ജോലി ഭാരം കുറക്കുക ലക്ഷ്യം; നിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ







































