ന്യൂഡെൽഹി: ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. അടുത്തകാലത്ത് രാജ്യാന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിൽ ഒന്നാണിത്. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ ധാരണയിലെത്തിയത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉൽപ്പന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഇളവ് നൽകും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഇളവ് അനുവദിക്കും.
ഡെൽഹിയിൽ നടന്ന സംയുക്‌ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് അന്റോണിയോ സാന്റോസ് ഡി കോസ്‌റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല ഫോൺ ഡെർ ലെയിൻ എന്നിവരാണ് കരാർ പ്രഖ്യാപനം നടത്തിയത്.
കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്‌ക്ക് വലിയ കുതിപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2024-25 സാമ്പത്തികവർഷം 75.9 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തത്. കരാർ പ്രാവർത്തികമായാൽ കയറ്റുമതി മേഖലയിൽ ഉടനടി 3-5 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാകും.
യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. പാസ്‌ത, ചോക്ളേറ്റ് എന്നിവയുൾപ്പടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക




































