ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ആത്‌മനിർഭർ വാക്‌സിനായ’ കോവാക്‌സിന് ഒടുവിൽ അംഗീകാരം. ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ ഉപയോഗിക്കാനാണ് അനുമതി.
ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പാണ് കോവാക്‌സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്‌റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. യുഎസ് വാക്‌സിനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്‌ഫെഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്‌സേവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകൾക്കു മാത്രമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നത്.
ചൈനയുടെ തദ്ദേശീയ വാക്‌സിന് പോലും അംഗീകാരം നൽകിയിട്ടും കോവാക്‌സിന് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏപ്രില്‍ 19നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്‌സിന്‍ പരീക്ഷണ ഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യയ്‌ക്ക് പുറമേ, ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാൾ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംബാബ്‍വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നൽകിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവാക്‌സിന് അംഗീകാരമില്ലാതിരുന്നത് വൻ ബുദ്ധിമുട്ടുകളാണ് സൃഷ്‌ടിച്ചിരുന്നത്.
Read Also: കോവിഡിനെതിരായ പോരാട്ടം തുടരണം; പ്രധാനമന്ത്രി







































