ന്യൂഡെൽഹി: ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്. ഒരു പാകിസ്‌ഥാൻ ദിനപത്രമാണ് വാർത്ത റിപ്പോർട് ചെയ്‍തത്. ഈ വർഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 3 മൽസരങ്ങൾ അടങ്ങിയ ടി-20 പരമ്പര ആയിരിക്കും നടക്കുക. 2013ലാണ് ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര നടന്നത്.
പാക് ദിനപത്രമായ ‘ജാംഗി’ലാണ് റിപ്പോർട് വന്നത്. ഇരു രാജ്യങ്ങളും തമ്മിൽ 6 ദിവസം നീളുന്ന, മൂന്ന് ടി-20കൾ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് അവർ സൂചിപ്പിക്കുന്നു. തയാറായിരിക്കാൻ പിസിബിയോട് ആവശ്യപ്പെട്ടതായും പരാമർശിക്കുന്നുണ്ട്.
ബിസിസിഐയുമായി ചർച്ചകൾ നടന്നിട്ടില്ലെങ്കിലും ഈ വർഷാവസാനം ഇരു രാജ്യങ്ങളും തമ്മിൽ പരമ്പര കളിക്കാൻ സാധ്യതയുണ്ടെന്ന് പിസിബിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി സൂചനകളുണ്ട്. ഈ പരമ്പര നടന്നാൽ, ഇന്ത്യ പാകിസ്‌ഥാനിൽ പര്യടനം നടത്തും. അതല്ലെങ്കിൽ ദുബായ് പോലെയുള്ള നിഷ്‌പക്ഷ വേദിയിലാവും മൽസരം നടക്കുക.
ഇരുരാജ്യങ്ങൾക്കും ഇടയിലെ മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നുണ്ട് എന്നതാണ് വാർത്തക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്രാൻ ഖാന് അയച്ച കത്തിൽ ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടായിരുന്നു. പരമ്പര നടക്കുകയാണെങ്കിൽ ഏറെ നാളുകൾക്ക് ശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read Also: ‘ഇന്ത്യ ഊഷ്‌മള ബന്ധം ആഗ്രഹിക്കുന്നു’; ഇമ്രാൻ ഖാന് മോദിയുടെ കത്ത്