ഇസ്‌ലാമാബാദ്: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ മധ്യസ്‌ഥത തേടാൻ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ സാധ്യമാക്കാൻ ഇടപെട്ടുവെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് പാക്ക് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ.
മേയ് മാസത്തിലാണ് വെടിനിർത്തൽ ചർച്ചയ്‌ക്കുള്ള വാഗ്‌ദാനം അമേരിക്ക മുന്നോട്ടുവെച്ചത്. ഇരുകൂട്ടരും അംഗീകരിക്കുന്ന സ്‌ഥലത്ത് ചർച്ചകൾ നടത്താമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, ജൂലൈയിൽ നടന്ന ചർച്ചയിൽ, മൂന്നാമതൊരു പങ്കാളിയെ ആവശ്യമില്ലെന്ന് ഇന്ത്യ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചതായി ഇഷാഖ് ദർ പറഞ്ഞു.
പാക്കിസ്‌ഥാനുമായുള്ള പ്രശ്‌നം പൂർണമായും ഉഭയകക്ഷി വിഷയമാണെന്ന് ഇന്ത്യ ആവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്‌ന പരിഹാരത്തിനായി ചർച്ച നടത്താൻ ഇടപെടാൻ അമേരിക്കയോടോ മറ്റേതെങ്കിലും രാജ്യത്തോടോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഷാഖ് ദർ അടുത്തിടെയും വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, ഇന്ത്യൻ ആക്രമണത്തിൽ കനത്ത നഷ്‌ടങ്ങളുണ്ടായതിനെ തുടർന്ന് വെടിനിർത്തലിന് പാക്കിസ്‌ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദർ തുറന്നു സമ്മതിച്ചു. ആണവ ശക്‌തികളായ ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തലിന് മധ്യസ്‌ഥത വഹിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങൾക്ക് വിരുദ്ധമാണ് ദറിന്റെ പരാമർശം.
ഇത് അമേരിക്കയ്‌ക്കും ട്രംപിനും പുതിയ നാണക്കേട് നൽകിയിരിക്കുകയാണ്. ഇന്ത്യയുടെ ആക്രമണത്തിൽ നിരവധി തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ തിരിച്ചടി നേരിട്ടതോടെയാണ് പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നും ദറിന്റെ വെളിപ്പെടുത്തൽ സ്‌ഥിരീകരിക്കുന്നു. മേയ് പത്തിന് ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തലിന് തൊട്ടുപിന്നാലെ തന്റെ ഇടപെടൽ വിജയം കണ്ടെന്ന് അവകാശപ്പെട്ടാണ് ട്രംപ് രംഗത്തെത്തിയത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ