ന്യൂഡെൽഹി: ഇറാനിൽ നിന്ന് ക്രൂഡ് ഓയിലും വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് ദീൻദയാൽ തുറമുഖത്ത് എത്തും. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ആഫ്രിക്കൻ രാജ്യമായ എസ്വാതിനിയുടെ പതാകയുള്ള എണ്ണക്കപ്പലിലാണ് ഇറാനിൽ നിന്ന് ആറുലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
2019ൽ അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള ഊർജ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു. അമേരിക്ക ഉപരോധങ്ങളിൽ താൽക്കാലികമായി ഇളവ് നൽകിയതിനെ തുടർന്നാണ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നത്.
നിലവിൽ, രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഇന്ത്യ, ഇറാനെതിരെ യുഎസും ഇസ്രയേലും യുദ്ധം തുടരുന്ന സഹാഹചര്യത്തിലും അവിടെ നിന്ന് എണ്ണ കൊണ്ടുവരുന്നു എന്നതും ശ്രദ്ധേയമാണ്. ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചത് ഇന്ത്യയെയും ബാധിച്ചിരുന്നു.
ബുധനാഴ്ചത്തെ കണക്കനുസരിച്ച് ഇന്ത്യയിലേക്കുള്ള പത്തോളം വിദേശ എണ്ണക്കപ്പലുകളും 18 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഇതിനിടെ, ഇന്ത്യയടക്കമുള്ള അഞ്ച് സൗഹൃദരാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്ന് നേരത്തെ ഇറാൻ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള എൽപിജി കപ്പലുകളടക്കം ഹോർമുസ് കടന്നിരുന്നു.
ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ പാചകവാതക പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണത്തിൽ കുറവ് ഉണ്ടാകാതിരിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിതരണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































