അബുദാബി: പ്രവാസികൾക്ക് സന്തോഷവാർത്ത. ഇന്ത്യ-യുഎഇ സെക്‌ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20% കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്‌ഥാനപതി അബ്‌ദുൽ നാസർ ജമാൽ അൽഷാലി പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഇത് യാഥാർഥ്യമാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം ഇരട്ടിയാകുമെന്നും ഇതുവഴി മൽസരം മുറുകുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യൻ ഉപഭോക്‌താക്കൾക്ക് 100 കോടി ഡോളർ വരെ ലാഭിക്കാൻ കാരണമാകും.
വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യയുമായി 4:1 എയർ കണക്‌ടിവിറ്റി ക്രമീകരണം യുഎഇ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാന കമ്പനികൾ കൂടുതൽ സർവീസ് നടത്താൻ മുന്നോട്ടുവന്നാൽ ഈ അനുപാതം 3:1, 2:1, 1:1 എന്നീ നിലകളിലേക്ക് മാറ്റാനും യുഎഇ സന്നദ്ധമാണ്. ഇന്ത്യയുമായി പുതിയ പ്രതിരോധ സഹകരണവും യുഎഇ ലക്ഷ്യമിടുന്നുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ