പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് വെങ്കലം. വാശിയേറിയ പോരാട്ടത്തിൽ സ്‌പെയിനിനെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്ത്യയുടെ നാലാം മെഡൽ എന്നതിന് പുറമെ, ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിമ്പിക് ചരിത്രത്തിലെ മൂന്നാം വെങ്കലവുമാണ്.
30, 33 മിനിറ്റുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യക്കായി ഗോളടിച്ചത്. 18ആം മിനിറ്റിൽ പെനൽറ്റി സ്ട്രോക്കിൽ നിന്ന് മാർക് മിറാലസ് സ്‌പെയിനിനെ ആദ്യം മുന്നിലെത്തിച്ചു. അമിത് രോഹിൻദാസിന്റെ സ്‌റ്റിക് ബ്ളോക്കിനെതിരെയാണ് നടപടി. സ്പെയിനിന്റെ ഈ നീക്കം തടയാൻ ഇന്ത്യൻ ഗോളി പിആർ ശ്രീജേഷിനും സാധിച്ചില്ല.
പെനൽറ്റി കോർണറിൽ നിന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ആദ്യ ഗോളെത്തിയത്. ആദ്യ പകുതി പിന്നിട്ടപ്പോൾ സ്‌കോർ 1-1 എന്ന നിലയിലായിരുന്നു. 33ആം മിനിറ്റിൽ പെനൽറ്റി കോർണറിൽ നിന്ന് ലക്ഷ്യം കണ്ട് ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ഇന്ത്യൻ ഗോൾകീപ്പർ മലയാളിതാരം ശ്രീജേഷിന്റെ സേവുകൾ ഇന്ത്യക്ക് രക്ഷയായി. പിആർ ശ്രീജേഷിന്റെ കരിയറിലെ അവസാനത്തെ മൽസരമാണ് ഇന്നത്തേത്.
ഇന്ത്യൻ സീനിയർ കുപ്പായത്തിൽ കൊച്ചിക്കാരനായ പിആർ ശ്രീജേഷ് 335ആംമത്തെ മൽസരമാണ് ഇന്ന് പൂർത്തിയാക്കിയത്. ഈ ഒളിമ്പിക്‌സിന് മുമ്പാണ് കരിയറിന് പൂർണവിരാമം കുറിക്കാനുള്ള തീരുമാനം താരം പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സ് വെങ്കല മെഡലോടെ ശ്രീജേഷിന് ഗംഭീര യാത്രയയപ്പ് ഒരുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം