ഹേഗ്: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്താരാഷ്‌ട്ര കോടതി (യുഎൻ സുപ്രീം കോടതി) ഉത്തരവില്‍ റഷ്യക്കെതിരെ വോട്ട് ചെയ്‌ത് ഇന്ത്യന്‍ ജഡ്‌ജി ജസ്‌റ്റിസ് ദല്‍വീര്‍ ഭണ്ഡാരി. യുദ്ധം തുടങ്ങിയതു മുതല്‍ റഷ്യ-യുക്രൈൻ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചുവരുന്ന നിലപാടിൽ നിന്ന് വ്യത്യസ്‌തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
മോസ്‌കോയുടെ അധിനിവേശത്തിൽ അഗാധമായ ആശങ്കയുണ്ടെന്ന് പറഞ്ഞ് യുഎൻ സുപ്രീം കോടതി യുക്രൈനിലെ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ റഷ്യയോട് ഉത്തരവിട്ടു. “അന്താരാഷ്‌ട്ര നിയമത്തിൽ വളരെ ഗുരുതരമായ പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന റഷ്യൻ ഫെഡറേഷന്റെ ബലപ്രയോഗത്തിൽ കോടതി അഗാധമായി ആശങ്കാകുലരാണ്,” ജസ്‌റ്റിസ് ഡോണോഗ് ഹേഗിൽ ഒരു ഹിയറിംഗിൽ പറഞ്ഞു.
റഷ്യക്കെതിരെ 13 ജഡ്‌ജിമാര്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്‌തു.
ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ യുക്രൈൻ അന്താരാഷ്‌ട്ര കോടതി ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. യുക്രൈനിലെ ഡൊനെറ്റ്സ്‌ക്, ലുഗാൻസ്‌ക് മേഖലകളിൽ വംശഹത്യ നടന്നതായി ആരോപിച്ച് റഷ്യ തങ്ങളുടെ യുദ്ധത്തെ ന്യായീകരിക്കാൻ നിയമവിരുദ്ധമായി ശ്രമിക്കുന്നതായി യുക്രൈൻ ആരോപിക്കുന്നു. സൈനിക പ്രവർത്തനങ്ങൾ ഉടനടി താൽക്കാലികമായി നിർത്തിവെക്കാൻ റഷ്യയോട് ഉത്തരവിടുന്നതിന് നടപടികൾ കൈക്കൊള്ളാൻ കീവ് അന്താരാഷ്‌ട്ര കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന അന്താരാഷ്‌ട്ര കോടതിയുടെ നിലപാടിനെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സ്വാഗതം ചെയ്‌തു. റഷ്യക്കെതിരെ ശക്‌തമായ ഉപരോധമാണ് അമേരിക്കയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Most Read: ഭാവന വീണ്ടും മലയാള സിനിമയിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’