ന്യൂഡെൽഹി: പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ, രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്. ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ ഉടൻ ഹോർമുസ് കടക്കുമെന്ന് കപ്പൽ ഗതാഗത ഡാറ്റയെയും വ്യാപാര ഉറവിടങ്ങളെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നു.
ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യൻ എൽപിജി ടാങ്കറുകളായ പൈൻ ഗ്യാസ്, ജഗ്വസന്ത് എന്നിവയായിരിക്കും ഹോർമുസ് കടക്കുകയെന്നാണ് വിവരം. ഈ രണ്ട് കപ്പലുകൾ ഇന്ന് പുറപ്പെട്ടേക്കുമെന്നാണ് റിപ്പോർട്. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. 22 ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടക്കാൻ കഴിയാതെ കിടക്കുന്നത്.
ജഗ്വസന്ത് ബിപിസിഎല്ലിനായും പൈൻ ഗ്യാസ് ഇന്ത്യൻ ഓയിൽ കോർപറേഷനും ചാർട്ട് ചെയ്ത ടാങ്കറുകളാണ്. കഴിഞ്ഞയാഴ്ച, ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടക്കാൻ ഇറാൻ അനുവദിച്ചിരുന്നു. ഈ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്തു.
നന്ദാദേവി, ശിവാലിക് എന്നീ കപ്പലുകളാണ് എത്തിയത്. ഇതിനിടെ, ജപ്പാൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജപ്പാൻ സർക്കാരുമായി ഇറാൻ ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ള ദ്വീപാണ് ഡീഗോ ഗാർഷ്യ. ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ ആണ് ഇക്കാര്യം റിപ്പോർട് ചെയ്തത്. മിസൈലുകളിൽ ഒന്ന് യാത്രാമധ്യേ പരാജയപ്പെട്ടതായും രണ്ടാമത്തേത് ഒരു യുഎസ് യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഡീഗോ ഗാർഷ്യ സ്ഥിതി ചെയ്യുന്നത്. യുഎസും ബ്രിട്ടനും ചേർന്ന് നടത്തുന്ന വലിയ സൈനിക താവളം ഡീഗോ ഗാർഷ്യയിലുണ്ട്. ഇന്ത്യൻ മഹാമുദ്രത്തിലെ യുഎസിന്റെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമാണ് ഈ ദ്വീപ്. ഗൾഫ്, അഫ്ഗാൻ യുദ്ധകാലത്ത് ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് യുഎസ് പ്രവർത്തിച്ചിരുന്നത്. മാത്രവുമല്ല, പ്രധാന വ്യാപാര കടൽപ്പാത കൂടിയാണിത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം









































