ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ട് ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്. ഇന്ത്യൻ പതാക ഘടിപ്പിച്ച ബിഡബ്ള്യൂ ടൈർ, ബിഡബ്ള്യൂ എൽമ് എന്നീ രണ്ട് കപ്പലുകളാണ് എൽപിജിയുമായി ഹോർമുസ് കടന്നത്.
സുരക്ഷാ കാരണങ്ങളാൽ ഇവയുടെ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഒമാൻ ഉൾക്കടലിലേക്ക് നീങ്ങികൊണ്ടിരിക്കുക ആണെന്നാണ് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നത്. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾ കൂടി ഇന്ന് ഹോർമുസ് കടന്നത്.
രണ്ടാഴ്ച മുൻപ് ഗൾഫിൽ നിന്ന് ചരക്ക് കയറ്റിയ ഈ കപ്പലുകൾ ഇറാന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയടക്കം അഞ്ച് സൗഹൃദ രാജ്യങ്ങൾക്ക് അവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടാൻ അനുമതി നൽകുമെന്ന് ഇറാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തുന്നത്.
ഏതാണ്ട് 90,000 ടണ്ണിലധികം പാചകവാതകം ആണ് ഈ രണ്ടു ടാങ്കറുകളിലായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകൾ എന്നാണ് വിവരം.
ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകൾ എത്തിച്ചേരുകയെന്നാണ് വിവരം. രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ ചരക്ക് എത്തുന്നതോടെ സാധിക്കുമെന്നാണ് കരുതുന്നത്. 20 ഇന്ത്യൻ കപ്പലുകൾ നിലവിൽ ഹോർമുസിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ









































