ന്യൂഡെൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഒരു പൈസ നഷ്‌ടം ഇന്ന് നേരിട്ടതോടെയാണ് റെക്കോർഡ് വീഴ്‌ചയുണ്ടായത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലാണിത്.
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയവും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) പിൻവലിയുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്ത്യൻ വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പിൻമാറുന്ന അവസ്‌ഥയാണ്.
ഒക്‌ടോബറിൽ മാത്രം വിദേശ നിക്ഷേപകർ 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിച്ചു. വിദേശ ധനകാര്യ സ്‌ഥാപനങ്ങൾ (എഫ്ഐഐ) ഈ മാസം ആദ്യ ആഴ്‌ചയിൽ മാത്രം 20,000 കോടി രൂപയുടെ ഓഹരികളും വിറ്റുപിൻമാറി. ഇന്ത്യൻ രൂപ മാത്രമല്ല, മറ്റു രാജ്യങ്ങളുടെ കറൻസിയും ഡോളറിന് മുന്നിൽ വീഴുകയാണ്. യൂറോ, യെൻ തുടങ്ങിയ പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്‌സ് 105 നിലവാരത്തിന് മുകളിലെത്തി. ഇതും രൂപക്ക് തിരിച്ചടിയായി.
രൂപയുടെ വിലയിടിയുന്നത് വിലക്കയറ്റത്തിന് കാരണമാകും. അതുകൊണ്ടുതന്നെ വിദേശ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ചു രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്ത്യയുടെ വിദേശനാണയ ശേഖരം വൻതോതിൽ കുറയുന്നുമുണ്ട്. നവംബർ ഒന്നിന് സമാപിച്ച ആഴ്‌ചയിൽ 265.5 കോടി ഡോളറിന്റെയും തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 346.3 കോടി ഡോളറിന്റെയും ഇടിവാണ് ഉണ്ടായത്.
അതേസമയം, രൂപയുടെ മൂല്യം കുറഞ്ഞതോടെ പ്രവാസികൾക്ക് നേട്ടമായി. നിൽവിൽ ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ 83 രൂപയോളമാണ് കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ അത് 84.38 രൂപയായി. നേരത്തെ ഒരു യുഎഇ ദിർഹം നാട്ടിലേക്ക് അയച്ചാൽ 22 രൂപയോളമാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 22.99 രൂപയെന്ന റെക്കോർഡാണ്.
യുഎഇ ദിർഹം, സൗദി റിയാൽ തുടങ്ങിയ ഗൾഫ് കറൻസികളുടെ അടിസ്‌ഥാനം യുഎസ് ഡോളർ തന്നെ ആയതിനാൽ, ഡോളർ കുതിക്കുമ്പോൾ ഈ കറൻസികളുടെ മൂല്യവും ആനുപാതികമായി ഉയരും. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്ന സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളം. നേരത്തെ ഒന്നാം സ്‌ഥാനത്ത് ആയിരുന്നെങ്കിലും അടുത്തിടെ മഹാരാഷ്‌ട്ര കേരളത്തെ മറികടന്നു. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ ഏകദേശം പത്ത് ശതമാനമാണ് കേരളത്തിലേക്ക് ഒഴുകുന്നത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!