ന്യൂഡെൽഹി: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം.
3000ത്തിൽപ്പരം ഇന്ത്യക്കാരാണ് സുഡാനിൽ ആകെ ഉള്ളതെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. സുഡാനിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി ആരാഞ്ഞു. ജാഗരൂകരായിരിക്കാനും സംഭവ വികാസങ്ങൾ കൃത്യമായി നിരീക്ഷിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സുഡാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായി ആശയ വിനിമയം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. സുഡാനിലെ സ്ഥിതിഗതികളെപ്പറ്റി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തിയിരുന്നു. സുഡാനിലെ കലാപം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുഡാനിലെ സ്ഥിതി സുരക്ഷിതമല്ലെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ സുരക്ഷിത മാർഗം ലഭ്യമായാലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകൂവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സുഡാൻ ആഭ്യന്തര കലാപത്തിൽ 413 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം, അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. സൈനിക വിമാനങ്ങൾ ബോംബ് വർഷിക്കുകയാണ്. ആശുപത്രികൾ അധികവും അടച്ചതിനാൽ പരിക്കേറ്റവർക്ക് ചികിൽസയും ലഭിക്കുന്നില്ല.
Most Read: വന്ദേഭാരത് ഉൽഘാടനം; സംസ്ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ സർവീസിൽ മാറ്റം