റിയാദ്: രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ പണപ്പെരുപ്പം കൂടുന്നു. സൗദി സകാത് ആൻഡ് ടാക്‌സ് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
നികുതി വർധനവ് നിലവിൽ വന്നതോടെ സൗദിയിലെ ജീവിതച്ചിലവ് ഉയർന്നിരുന്നു. ഇത് പണപ്പെരുപ്പം കൂടാൻ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സ്‌ഥിതിഗതികൾ അതോറിറ്റി നിരീക്ഷിച്ചു വരികയാണ്.
നേരത്തെ അഞ്ച് ശതമാനം മാത്രമായിരുന്ന വാറ്റ് 15 ശതമാനമാക്കിയാണ് കൂട്ടിയത്. ഇതോടെ ജൂലായ് മാസം മുതൽ പണപ്പെരുപ്പം കൂടാൻ തുടങ്ങി. ജൂണിൽ 0.5 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പം നികുതി കൂട്ടിയതോടെ 6.1 ശതമാനമായി ഉയർന്നു.
തുടർന്ന് കഴിഞ്ഞ മാസം റിയൽ എസ്റ്റേറ്റ് മേഖലയിലെ ചില ഇടപാടുകൾക്ക് നികുതി ഇളവുകൾ നൽകിയിരുന്നു. എങ്കിലും പണപ്പെരുപ്പത്തിൽ കാര്യമായി കുറവില്ല. വാറ്റ് കൂട്ടിയതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സകാത് ആൻഡ് ടാക്‌സ് അതോറിറ്റി തന്നെ വ്യക്‌തമാക്കുന്നു.
അവശ്യ വസ്തുക്കളുടെ വിലവർധനയും നികുതി കൂട്ടിയതിലൂടെ ഉണ്ടായി. ഭക്ഷണം, യാത്ര എന്നിവയിലെല്ലാം വിലക്കയറ്റം ഉണ്ടായതായി അതോറിറ്റി പറയുന്നു. രാജ്യത്തെ സാമ്പത്തിക സാഹചര്യം ഓരോ ആഴ്‌ചയിലും അതോറിറ്റി വിലയിരുത്തുന്നുണ്ട്.
Read Also: മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും







































