ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് പ്ളേ ഓഫിലെ ആദ്യ ക്വാളിഫയർ മൽസരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും. ഐപിഎല്ലിലെ ആദ്യ ഫൈനലിസ്‌റ്റ് ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. വൈകിട്ട് 7.30നാണ് മൽസരം.
പ്രാഥമിക റൗണ്ടിൽ ഒന്നാം സ്‌ഥാനക്കാരായാണ് ഡെൽഹി പ്‌ളേ ഓഫിലേക്ക് കടന്നത്. ചെന്നൈ രണ്ടാം സ്‌ഥാനത്താണ് പ്രാഥമിക മൽസരങ്ങൾ പൂർത്തീകരിച്ചത്.
സെമി ഫൈനലിന് തുല്യമായ ഒന്നാം ക്വാളിഫയറിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും. തോൽക്കുന്ന ടീമിന് ഒരവസരം കൂടിയുണ്ട്. തോറ്റാലും രണ്ടാം ക്വാളിഫയറിൽ മൽസരിക്കാം. അതിൽ വിജയിച്ചാൽ ഫൈനലിലേക്കും മുന്നേറാം.
അതേസമയം ഇപ്രാവശ്യം ഏറ്റവുമധികം കിരീട സാധ്യത കൽപ്പിക്കുന്ന ടീം ആണ് ഡെൽഹി. യുവതാരങ്ങളുടെ കരുത്തിൽ മുന്നേറുന്ന ഡെൽഹി സ്‌ഥിരതയാർന്ന പ്രകടനമാണ് ഇതുവരെ കാഴ്‌ചവെച്ചത്. 2019ൽ പ്ളേ ഓഫിലെത്തി മൂന്നാം സ്‌ഥാനം നേടിയ ഡെൽഹി കഴിഞ്ഞ തവണ റണ്ണറപ്പുകളായാണ് മടങ്ങിയത്.
മറുവശത്ത് ചെന്നൈയും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2020ൽ ഏഴാം സ്‌ഥാനത്ത് മാത്രമെത്തിയ ചെന്നൈ ഇക്കുറി തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് തവണ (2010, 2011, 2018) ഐപിഎൽ കിരീടം നേടിയിട്ടുള്ള ടീമാണ് ചെന്നൈ.
എന്നാൽ ഈ സീസണിൽ പ്രാഥമിക ഘട്ടത്തിൽ ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഡെൽഹിക്ക് ഒപ്പമായിരുന്നു. ആദ്യ മൽസരത്തിൽ ഏഴ് വിക്കറ്റിനും രണ്ടാം മൽസരത്തിൽ മൂന്ന് വിക്കറ്റിനും ആയിരുന്നു ഡെൽഹിയുടെ വിജയം. ഇതുവരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ലാത്ത ഡെൽഹി ഇത്തവണ ചരിത്രം തിരുത്തുമോയെന്ന് കണ്ടറിയാം.
Most Read: ‘പുഴു’ പോസ്‌റ്റർ ഏറ്റെടുത്ത് ആരാധകർ; റത്തീന ഷർഷാദ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പാർവതിയും







































