മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പർ ജയന്റസിനെ നേരിടും. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. പോയിന്റ് പട്ടികയിൽ ലക്നൗ നാലാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ഇരു ടീമുകളും എട്ട് മൽസരങ്ങൾ വീതം കളിച്ചപ്പോൾ ലക്നൗ അഞ്ച് മൽസരങ്ങളിലും പഞ്ചാബ് നാല് മൽസരങ്ങളിലും വിജയിച്ചു. പ്ളേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.
സീസണിലെ ഏറ്റവും ആഴമുള്ള ബാറ്റിംഗ്, ബൗളിംഗ് നിരയാണ് ലക്നൗവിനുള്ളത്. എട്ടാം നമ്പർ വരെ നീളുന്ന പ്രോപ്പർ ബാറ്റിംഗ് നിരയും ബാറ്റിംഗ് അറിയാവുന്ന വാലറ്റവും അവർക്കുണ്ട്. 9 ബൗളിംഗ് ഓപ്ഷനുകളും ടീമിനെ വൈവിധ്യം നൽകുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ ലോകേഷ് രാഹുൽ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും ടീം എന്ന നിലയിൽ ഇതുവരെ ഒറ്റക്കെട്ടായ പ്രകടനങ്ങൾ കുറവാണെന്നത് അവർക്ക് തിരിച്ചടിയാണ്.
അതേസമയം, പഞ്ചാബിന് വേണ്ടി ധവാൻ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ലിയാം ലിവിംഗ്സ്റ്റൺ, ഭാനുക രാജപക്സ, ജിതേഷ് ശർമ്മ എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി. ജോണി ബെയർസ്റ്റോ മോശം ഫോമിലാണ്. അതാണ് അവരെ ഏറെ അലട്ടുന്നത്. ക്യാപ്റ്റൻ മായങ്ക് അഗർവാളിന് ചില നല്ല തുടക്കങ്ങൾ ലഭിച്ചെങ്കിലും ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞിട്ടില്ല. അവസാന കളിയിൽ സിഎസ്കെയെ തകർത്തതാണ് അവർക്ക് ആത്മവിശ്വാസം നൽകുന്ന കാര്യം.
Read Also: ദൃശ്യ വിസ്മയമാകാൻ ‘അവതാർ 2’; ഡിസംബറിൽ റിലീസ്







































