ടെഹ്റാൻ: ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിന് ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും ഖമനയി പറഞ്ഞു. എക്സിലൂടെ ആയിരുന്നു ഖമനയിയുടെ പ്രതികരണം.
”സയണിസ്റ്റ് ശത്രു ഒരുവലിയ തെറ്റ് ചെയ്തു, അതിനെ ശിക്ഷിക്കണം. ശിക്ഷിച്ചുകൊണ്ടിരിക്കും. ഇപ്പോൾ തന്നെ ശിക്ഷിക്കുകയാണ്”- ഖമനയി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. എന്നാൽ, പുതിയ പോസ്റ്റിൽ യുഎസ് ആക്രമണത്തെ കുറിച്ച് ഖമനയി പരാമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അതേസമയം, യുഎസ് ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുകയാണ്. ഇറാൻ മിസൈൽ വിക്ഷേപിച്ചതിനെ തുടർന്ന് മധ്യ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു.
ഞായറാഴ്ച ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ കെട്ടിടങ്ങൾ തകർന്നിരുന്നു. 27 മിസൈലുകൾ ഇറാൻ തൊടുത്തതായാണ് റിപ്പോർട്ടുകൾ. ടെഹ്റാനിൽ 20 ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎൻ സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
യുഎസ് ഇറാന്റെ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങളാണ് ഞായറാഴ്ച രാവിലെ ആക്രമിച്ചത്. യുഎസിന്റെ ബി2 ബോംബറുകൾ ഫൊർദോ, നതാൻസ് കേന്ദ്രങ്ങളും പേർഷ്യൻ ഗൾഫിലെ അന്തർവാഹിനികൾ ഇസ്ഫഹാൻ കേന്ദ്രവുമാണ് ആക്രമിച്ചത്. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇസ്രയേൽ നഗരങ്ങളായ ടെൽ അവീവിലേക്കും ഹൈഫയിലേക്കും ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്തിരുന്നു.
Most Read| എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ആരാണ് ബ്ളെയ്സ് മെട്രെവെലി?