ടെഹ്റാൻ: ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാഖിലെ ബസറയ്ക്ക് സമീപം എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.
രക്ഷപ്പെട്ട ഇന്ത്യൻ നാവികരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു. യുഎഇയിൽ ഇന്ന് പുലർച്ചെ ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായിരുന്നു. ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കുകൾ ഇല്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
അതേസമയം, ഇറാന് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഇസ്രയേൽ- സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനത്തെ ഇറാൻ ഉപയോഗിച്ചിരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആക്രമണത്തിലെ കൃത്യത ഇതാണ് തെളിയിക്കുന്നതെന്ന് ഫ്രാൻസിന്റെ മുൻ വിദേശകാര്യ ഇന്റലിജൻസ് ഡയറക്ടർ അലൈൻ ജൂലെ പറഞ്ഞു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ രംഗത്തെത്തി. ഇറാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് പരിഹാരം വേണം, തുടർ അക്രമങ്ങൾ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തിലെ ഉറപ്പ് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്.
ഉപാധികൾ യുഎസും ഇസ്രയേലും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെയും റഷ്യയിലെയും ഭരണകൂടങ്ങളുമായി താൻ സംസാരിച്ചു. മേഖലയിൽ സമാധാനം പുലരണമെന്നാണ് തന്റെയും നിലപാട്. ഇന്നലെ, തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































