ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകളാണ് ഹോർമുസ് കടന്നത്. ഇന്നലെയാണ് ഈ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത്. ഇപ്പോൾ രണ്ടു കപ്പലുകളും ഇന്ത്യയിലേക്കുള്ള പാതയിലാണ്.
രണ്ടു ദിവസത്തിനുള്ളിൽ മുംബൈയിലോ കാണ്ട്ല തുറമുഖത്തോ എത്തിയേക്കുമെന്നാണ് വിവരം. എൽപിജി വഹിച്ചുള്ള ഇന്ത്യൻ കപ്പലുകളാണിത്. പശ്‌ചിമേഷ്യൻ സംഘർഷം പാചക വാതക വിതരണത്തെ തടസപ്പെടുത്തിയതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിട്ടിരുന്നു.
ഇന്ത്യയും ഇറാനും നയതന്ത്ര ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിച്ചത്. അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമം നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഹോർമുസ് അടച്ചിട്ടത് ബാധിച്ച രാജ്യങ്ങളെല്ലാം ചേർന്ന് കടലിടുക്ക് തുറക്കാനും സുരക്ഷിതമാക്കാനും വേണ്ടി യുദ്ധക്കപ്പലുകൾ അയക്കും.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഹോർമുസ് കടലിടുക്ക് പൂർണമായും ദുർബലമായ ഒരു രാജ്യത്തിന്റെ ഭീഷണിയിൽ നിന്ന് മോചിതമാകുമെന്നും ട്രംപ് പറഞ്ഞു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































