വാഷിങ്ടൻ: യുഎഇയിൽ ആക്രമണം തുടർന്ന് ഇറാൻ. ഫുജൈറയിലെ ഓയിൽ ഇൻഡസ്‌ട്രി സോണിലാണ് ആക്രമണം നടന്നത്. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തു. ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആർക്കും പരിക്കില്ല. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, പശ്‌ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരെ അയച്ചു. ജപ്പാനിലെ ഒകിനാവിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകൾ പശ്‌ചിമേഷ്യയിലേക്ക് പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് യാത്ര. പ്രതിസന്ധിയുണ്ടായാൽ ഉടനടി പ്രതികരിക്കാനോ, ഇറാന്റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കാനോ ഈ സൈനികരെ വിന്യസിച്ചേക്കാം.
മറീനുകൾ കരയിലും കടലിലും പോരാടാൻ വൈദഗ്‌ധ്യം ഉള്ളവരാണെങ്കിലും ഇറാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ ‘കരസേനാ വിഭാഗം’ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. സൈനികശേഷി അമേരിക്ക വർധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് സൂചന.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് ഇന്ന് ആക്രമണം നടത്തിയിരുന്നു. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. എന്നാൽ, അടുത്തതായി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ അക്രമിക്കപ്പെട്ടേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് യുഎഇയിലെ സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയത്.
Most Read| സ്‌തനാർബുദ കേസുകൾ കൂടുന്നു; 2050ൽ 35 ലക്ഷത്തിലധികം രോഗികൾ!







































