വാഷിങ്ടൻ: യുഎസ് ആക്രമണം നടക്കുന്നതിന് മുൻപ് ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ നിന്ന് യുറേനിയവും ഉപകരണങ്ങളും നീക്കം ചെയ്‌തതായി റിപ്പോർട്. യുഎസ് യുദ്ധഭീഷണി മുഴക്കിയതോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവ നീക്കം ചെയ്‌തെന്ന് രണ്ട് ഇസ്രയേലി ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട് ചെയ്‌തു. 400 കിലോ യുറേനിയം നീക്കം ചെയ്‌തതായാണ് റിപ്പോർട്.
60% സമ്പുഷ്‌ടീകരിച്ച യുറേനിയമാണ് നീക്കിയത്. 90% സമ്പുഷ്‌ടീകരിച്ച യുറേനിയം ആണവായുധ നിർമാണത്തിന് ഉപയോഗിക്കാൻ കഴിയും. അതേസമയം, യുഎസ് ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുകയാണ്. ഇറാൻ മിസൈൽ വിക്ഷേപിച്ചതിനെ തുടർന്ന് മധ്യ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു.
ഞായറാഴ്‌ച ഇറാൻ നടത്തിയ ബാലിസ്‌റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ കെട്ടിടങ്ങൾ തകർന്നിരുന്നു. 27 മിസൈലുകൾ ഇറാൻ തൊടുത്തതായാണ് റിപ്പോർട്ടുകൾ. ടെഹ്റാനിൽ 20 ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎൻ സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
യുഎസ് ഇറാന്റെ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങളാണ് ഞായറാഴ്‌ച രാവിലെ ആക്രമിച്ചത്. യുഎസിന്റെ ബി2 ബോംബറുകൾ ഫൊർദോ, നതാൻസ് കേന്ദ്രങ്ങളും പേർഷ്യൻ ഗൾഫിലെ അന്തർവാഹിനികൾ ഇസ്‌ഫഹാൻ കേന്ദ്രവുമാണ് ആക്രമിച്ചത്. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇസ്രയേൽ നഗരങ്ങളായ ടെൽ അവീവിലേക്കും ഹൈഫയിലേക്കും ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്‌തിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ