വാഷിങ്ടൻ: സംഘർഷം രൂക്ഷമായി തുടരവേ, ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇറാന് കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്നും യുഎസിന്റെ പ്രതിനിധി ഉടൻ ഇറാൻ സർക്കാരുമായി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം മികച്ചതാണ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് അടുത്തെത്തിയിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുഎസിന്റെ ഒരു യുദ്ധക്കപ്പൽ കൂടി സംഘർഷ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ യുഎസിന്റെ മൂന്ന് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്നും എന്നാൽ, ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കൂടി നൽകുകയായിരുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ സർക്കാർ നിലംപതിക്കുമോയെന്ന ചോദ്യത്തിന്, തീർച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തതോടെ ടെഹ്റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ജനങ്ങളോട് ഒഴിയാൻ ആദ്യം ഇസ്രയേൽ സൈന്യവും പിന്നാലെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏത് നിമിഷവും ആക്രമണം ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സാമൂഹിക മാദ്ധ്യമത്തിലൂടെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ, ഖമനയി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേൽ ഭരണകൂടത്തിന് ശക്തമായ മറുപടി നൽകണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ








































