ടെഹ്റാൻ: മൂന്ന് ആണവ നിലയങ്ങൾക്ക് നേരെ യുഎസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെ, ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി.
എന്നാൽ, കടലിടുക്ക് അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ തീരുമാനം കൂടി വന്നാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നുമാണ് റിപ്പോർട്ടുകൾ.
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പൽ റൂട്ടാണ് ഹോർമുസ് കടലിടുക്ക്. ഇറാനും അറബ്-ഗൾഫ് രാജ്യങ്ങൾക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി ഉൾപ്പടെ ആഗോള എണ്ണ- വാതക വിതരണത്തിന്റെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
161 കിലോമീറ്റർ നീളമുള്ള ഹോർമുസിൽ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റർ വീതിയാണുള്ളത്. കപ്പൽ പാതയ്ക്ക് ഇരുവശത്തേക്കും മൂന്ന് കിലോമീറ്റർ വീതി മാത്രമേയുള്ളൂ. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.
ഹോർമുസ് അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണവില കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!