വാഷിങ്ടൻ: ആറാഴ്‌ചയോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ പശ്‌ചിമേഷ്യയിൽ ഒടുവിൽ സമാധാനം പുലരുന്നു. ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കി.
ഇറാനുമേലുള്ള അക്രമണങ്ങൾ നിർത്തിവെച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ തങ്ങൾ അവസാനിപ്പിക്കുമെന്നും രണ്ടാഴ്‌ചത്തേക്ക് ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾക്ക് ഏറെ ആശ്വാസമാകുന്നതാണ് തീരുമാനം. ഹോർമുസ് തുറക്കുന്നതോടെ എൽപിജി, ഇന്ധന പ്രതിസന്ധിയിൽ നിന്ന് രാജ്യങ്ങൾക്ക് കരകയറാം.
ഇറാനെ ഒറ്റരാത്രികൊണ്ട് തുടച്ചുനീക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് ലോകം ആശങ്കയിലായിരുന്ന മണിക്കൂറുകളാണ് കടന്നുപോയത്. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. യുഎസും ഇറാനും തമ്മിലുള്ള തുടർ ചർച്ചകൾ പാക്ക് തലസ്‌ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്‌ച നടക്കും. യുദ്ധം എന്നന്നേക്കുമായി അവസാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പാക്കിസ്‌ഥാന്റെ അഭ്യർഥന മാനിച്ചാണ് വെടിനിർത്തലെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് ആവശ്യപ്പെട്ടു. ഇറാനുമായി ധാരണയിലെത്താൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാൻ സമ്മതിക്കുന്നതിനെ ആശ്രയിച്ചാണ് വെടിനിർത്തൽ പൂർണമായും നിലവിൽ വരികയുള്ളൂവെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
അതിനിടെ, വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പശ്‌ചിമേഷ്യൻ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് യുഎസും ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചിരിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലർ പ്രസ്‌താവനയിൽ അറിയിച്ചു.
ഇറാൻ ഒരു വലിയ വിജയം കൈവരിക്കുകയും അമേരിക്കയെ തങ്ങളുടെ പത്തിന ഉപാധികൾ അംഗീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്‌തുവെന്നും അവർ അവകാശപ്പെട്ടു. പത്ത് ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിക്കുമ്പോൾ മാത്രമേ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂവെന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു.
എന്നാൽ, യുദ്ധത്തിൽ അമേരിക്ക സമ്പൂർണ വിജയം നേടിയതായി ട്രംപും വൈറ്റ് ഹൗസും വ്യക്‌തമാക്കി. ഇത് പ്രസിഡണ്ട് ട്രംപും നമ്മുടെ സൈന്യവും നേടിയെടുത്ത അമേരിക്കയുടെ വിജയമാണ്. നമ്മുടെ യോദ്ധാക്കളുടെ കഴിവുകൾക്ക് നന്ദി. ഞങ്ങൾ 38 ദിവസത്തിനുള്ളിൽ ഞങ്ങളുടെ പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുകയും അതിൽ മുന്നേറുകയും ചെയ്‌തുവെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഫെബ്രുവരി 28ന് ആരംഭസിച്ച യുദ്ധം ആറാം ആഴ്‌ചയിലേക്ക് കടന്നതോടെ ലോകം തന്നെ സ്‌തംഭിപ്പിച്ചിരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. ലോകമാകെ ഊർജ പ്രതിസന്ധിയിലേക്ക് പോകുമെന്ന നിലയായി. ഇതിനിടെയാണ്, ട്രംപിന്റെ അന്ത്യശാസനയും മധ്യസ്‌ഥ ചർച്ചകളും നടന്നത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം








































