വാഷിങ്ടൻ: ഇസ്രയേലിനെ ഏത് നിമിഷവും ഇറാൻ ആക്രമിക്കാൻ സാധ്യത. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് മുന്നറിയിപ്പ് നൽകി.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പടെ ഏഴ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങൾക്കും നേരെ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടാതെ, എന്ത് വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും, ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, വടക്കൻ ഇസ്രയേലിന് നേരെ ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയതായാണ് വിവരം.
രാജ്യത്തെ പ്രതിരോധ സംവിധാനം ആക്രമണത്തെ ഒരുപരിധി വരെ തടഞ്ഞെങ്കിലും ചില മിസൈലുകൾ ഇസ്രയേലിലെ തുറന്ന പ്രദേശങ്ങളിൽ പതിച്ചതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. എന്നാൽ, ആക്രമണത്തിൽ ആർക്കും പരിക്കില്ല. ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഏകദേശം 40 മിസൈലുകൾ വന്നതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഹിസ്ബുള്ളയുടെ രണ്ടു ഡ്രോണുകൾ വെടിവെച്ചിട്ടതായും ഐഡിഎഫ് അറിയിച്ചു.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും, ഇസ്രയേലിലേക്കുമുള്ള യാത്രക്ക് വിലക്ക് ഇന്ത്യ ഏർപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ പൗരൻമാർ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച യാത്രാ നിർദ്ദേശം.
നിലവിൽ ഇരുരാജ്യങ്ങളിലും കഴിയുന്നവർ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. കൂടുതൽ യാത്ര ചെയ്യാതെ സുരക്ഷിതരായിരിക്കാൻ ശ്രമിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ നിർദ്ദേശം നൽകി.
Most Read| പൊതുസ്ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്








































