ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്‌ത ആക്രമണം രൂക്ഷമായിരിക്കെ ഇറാനിൽ ഭരണ പ്രതിസന്ധി. ഇറാന്റെ ഭരണ നിയന്ത്രണം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് റിപ്പോർട്.
പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ നേതൃത്വം നൽകുന്ന ഇറാൻ ഭരണകൂടവും രാജ്യത്തെ സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ ഇന്റർനാഷണൽ റിപ്പോർട് ചെയ്‌തു.
കഴിഞ്ഞ വ്യാഴാഴ്‌ച പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ, ഈ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥരുടെ നിയമനങ്ങൾ ഉൾപ്പടെ പ്രസിഡണ്ടിന്റെ തീരുമാനങ്ങളെ ഐആർജിസി തടസപ്പെടുത്തിയെന്നും ഭരണത്തിൽ പിടിമുറുക്കി അധികാര നിയന്ത്രണം ഏർപ്പെടുത്തിയെന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ ഇറാൻ ഭരണകൂടം പൂർണമായും അധികാരത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട സ്‌ഥിതിയിലാണ്.
പരമോന്നത നേതാവായി മൊജ്‌തബ ഖമനയി സ്‌ഥാനം ഏറ്റെടുത്തിട്ട് ഒരുമാസം പിന്നിട്ടിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാൽ ഐആർജിസി ഇപ്പോൾ പ്രസിഡണ്ടിനെ നിയന്ത്രിക്കുന്നതായാണ് റിപ്പോർട്. യുഎസ് ഇറാന് നേരെ ആക്രമണം തുടർന്നാൽ ശക്‌തമായ തിരിച്ചടിയുണ്ടാകുമെന്ന് ഐആർജിസി കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.
അതിനിടെ, ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം തുടരുകയാണ്. കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ആക്രമണത്തിൽ ടാങ്കിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്താവളത്തിന് നേരെ അഞ്ചാം തവണയാണ് ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത്.
യുഎഇയിലെ ഫുജൈറയിൽ ഇറാന്റെ മിസൈൽ ആക്രമണം തടയുന്നതിനിടെ അവശിഷ്‌ടങ്ങൾ ഫാമിൽ വീണ് ഒരു ബംഗ്ളാദേശ് സ്വദേശി കൊല്ലപ്പെട്ടു. ബഹ്‌റൈനിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഒരു കമ്പനി കെട്ടിടത്തിന് തീപിടിച്ചു. സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി. സൗദി അറേബ്യയിൽ നിരവധി ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ ഊർജിതമാക്കി.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































