പനാജി: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇന്നത്തെ മൽസരത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്‌സിയുമായി കൊമ്പുകോർക്കും. ഡെസ് ബക്കിംഗ്ഹാമിന്റെ നേതൃത്വത്തിലുള്ള മുംബൈ നിര തങ്ങളുടെ അവസാന മൂന്ന് മൽസരങ്ങളും വിജയിച്ചതിന്റെ ആത്‌മ വിശ്വാസത്തിലാണ് എത്തുന്നത്.
ബോസിദാർ ബന്ദോവിച്ചിന്റെ കീഴിലുള്ള ചെന്നൈയിൻ എഫ്‍സിക്ക് ഈ സീസണിൽ ശക്‌തമായ തുടക്കമാണ് ലഭിച്ചത്. ലീഗിലെ ഏക അപരാജിത ടീമായി അവർ മുന്നോട്ട് കുതിക്കുകയാണ്. ചെന്നൈയിൻ എഫ്‌സിയുടെ കുതിപ്പിന് തടയിടാൻ മുംബൈയുടെ ആക്രമണ ഫുട്‍ബോളിന് കഴിയുമോയെന്ന് ഇന്നറിയാം.
മുംബൈ സിറ്റി എഫ്‌സി ലീഗിൽ അഞ്ച് മൽസരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടി, ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന ടീമായി. അവരുടെ ആക്രമണനിര മികച്ച ഫോമിലാണ്. എല്ലാ കോണുകളിൽ നിന്നും ഗോളുകൾ വരുന്നു. ബിപിൻ സിംഗ്, ഇഗോർ അംഗുലോ, കാസിയോ ഗബ്രിയേൽ, വിക്രം പ്രതാപ് സിംഗ്, യോഗോർ കാറ്റാറ്റോ തുടങ്ങിയ താരങ്ങളെല്ലാം സ്‌കോർ ഷീറ്റിൽ ഇടം നേടിയിട്ടുണ്ട്.
മറുവശത്ത് നാല് മൽസരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രം വഴങ്ങിയ ചെന്നൈയിൻ എഫ്‌സിയാണ് കളിക്കുന്നതെന്ന് കൂടി ഓർക്കണം. അവരുടെ ആക്രമണ നിരയുടെ പ്രകടനം മികച്ചതല്ലെങ്കിലും, പ്രതിരോധ താരങ്ങളുടെ പ്രകടനം പ്രശംസനീയമാണ്. ഇത് തന്നെയാണ് ഇന്നത്തെ മൽസരത്തെ വേറിട്ട് നിർത്തുന്നത്.
Read Also: സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’; എത്തുക അഞ്ച് ഭാഷകളില്‍, ആവേശത്തിൽ ആരാധകർ