വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ പ്രതിനിധികൾ ഇസ്രയേലുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദ്ദേശം ഇറാൻ പിന്തുണയുള്ള ഹമാസ് കൂടി അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെടിനിർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, 60 ദിവസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനിടെ കാര്യങ്ങൾ ചർച്ച ചെയ്‌ത് തീരുമാനമായില്ലെങ്കിൽ ഹമാസ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വെടിനിർത്തലിന് ഖത്തർ, ഈജിപ്‌ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്‌ഥരുമായും നിർദ്ദേശങ്ങൾ പങ്കുവയ്‌ക്കുമെന്നും ഹമാസ് നേതൃത്വത്തെ മധ്യസ്‌ഥർ ഇക്കാര്യം അറിയിക്കണമെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡണ്ട് ജെഡി വൻസ്, സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് എന്നിവർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്‌ടാവായ റോൺ ഡെർമറുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വെടിനിർത്തലിന് ധാരണയായതെന്നാണ് സൂചന.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. തിങ്കളാഴ്‌ച വൈറ്റ്ഹൗസിൽ വെച്ച് ബെന്യാമിൻ നെതന്യാഹുവിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തിയാൽ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹമാസിനെ നിരായുധീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് ഇസ്രയേലിന്റെ നിലപാട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!