ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഇറാന്റെ ആണവ പ്ളാന്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേൽ എയർഫോഴ്‌സ് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടുണ്ട്.
‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേൽ മാദ്ധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നുണ്ട്. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ളാന്റുകൾ ഉൾപ്പടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും (ഐഡിഎഫ്) അറിയിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് ആക്രമണം നടന്നത്. കാലങ്ങളായി ഇസ്രയേലിനെ തകർക്കണമെന്ന ഉദ്ദേശ്യവുമായാണ് ഇറാനിയൻ ഭരണകൂടം മുന്നോട്ട് പോകുന്നതെന്ന് ഐഡിഎഫ് വക്‌താവ് സാമൂഹിക മാദ്ധ്യമമായ എക്‌സിൽ കുറിച്ചു. ഇറാൻ ആണവായുധങ്ങൾ കൂടുതലായി നിർമിക്കുന്നുവെന്ന് ഞങ്ങളുടെ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ആണവ പ്ളാന്റുകൾ അവർ നിർമിച്ചു.
ഇന്ന് പുലർച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രമണം ഇറാനെതിരെ നടത്തി. ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒഴിച്ചുകൂടാനാവാത്ത ഒരു ഭീഷണിക്കെതിരെയാണ് ഞങ്ങൾ ആക്രമണം നടത്തിയിരിക്കുന്നത്. അതല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല. ലോകത്തിനും പ്രത്യേകിച്ച് ഇസ്രയേലിനും ഭീഷണിയായേക്കാവുന്ന ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐഡിഎഫ് കുറിപ്പിൽ വ്യക്‌തമാക്കി.
മേഖലയിൽ ഒരു വലിയ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ടെഹ്റാനിലെ ആക്രമണം. വെള്ളിയാഴ്‌ച പുലർച്ചെ ഇറാനിൽ സ്‌ഫോടന ശബ്‌ദം കേട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.
ഓപ്പറേഷൻ റൈസിങ് ലയണിന് പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. അതിനിടെ, തങ്ങളുടെ ആക്രമണം ഇറാനിലെ ജനതയ്‌ക്ക് നേരെയല്ലെന്നും ഇറാനിലെ ഏകാധിപത്യ സർക്കാരിനെതിരെയാണെന്നും നെതന്യാഹു പറഞ്ഞു. ഓപ്പറേഷൻ തുടരുമെന്നും വരും ദിവസങ്ങളിൽ ആക്രമണം വ്യാപകമാക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്.
ടെഹ്‌റാൻ ആക്രമണത്തിന് പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു. ഇറാന്റെ പ്രധാന ആണവകേന്ദ്രമായ നടാൻസ് ആണവ പ്ളാന്റും ഇസ്രയേൽ അക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്. അതിനിടെ, ആക്രമണത്തിൽ ഇറാൻ ഇസ്‌ലാമിക് റെവലൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!