ടെൽ അവീവ്: ഇറാനെതിരെയുള്ള യുദ്ധം ഉടനെ അവസാനിപ്പിക്കില്ലെന്ന സൂചനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാനുമായുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്നും മറിച്ച്, ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പടെയുള്ള എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാനുണ്ട്. ഇത് നയതന്ത്രത്തിലൂടെയോ ശക്തിയിലൂടെയോ നടപ്പാക്കും. താൽക്കാലിക വെടി നിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല. മറിച്ച്, എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണ്.
ഇറാൻ മിസൈലുകൾ മാത്രമല്ല, അവ നിർമിക്കാനുള്ള കഴിവും ഇസ്രയേൽ നശിപ്പിച്ചു. ഇറാനികൾ അവരുടെ സ്റ്റോക്കിൽ അവശേഷിച്ചത് മാത്രമാണ് വിക്ഷേപിച്ചതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ഏത് സമയത്തും യുദ്ധത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, വിരൽ കാഞ്ചിയിലാണെന്നും മുന്നറിയിപ്പ് നൽകി.
യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നും വെടിനിർത്തലിന് സമ്മതിക്കാൻ യുഎസ് അദ്ദേഹത്തെ നിർബന്ധിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നത് ഉൾപ്പടെയുള്ള നിബന്ധനകളോടെയാണ് യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ചത്.
യുഎസും ഇറാനും തമ്മിലുള്ള തുടർ ചർച്ചകൾ പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിൽ വെള്ളിയാഴ്ച നടക്കും. യുദ്ധം എന്നന്നേക്കുമായി അവസാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പാക്കിസ്ഥാന്റെ അഭ്യർഥന മാനിച്ചാണ് വെടിനിർത്തലെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് ആവശ്യപ്പെട്ടു. ഇറാനുമായി ധാരണയിലെത്താൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































