ജറുസലേം: ഗാസയിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഗാസയിലെ വിവിധ മേഖലകളിൽ നടന്ന ബോംബാക്രമണത്തിൽ 46 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ മരുന്നുകളും ഉപകരണങ്ങളും സൂക്ഷിച്ച കെട്ടിടം തകർന്നു.
ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റു. കമൽ അദ്‌വാൻ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികൾ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. എന്നാൽ, ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചിട്ടുണ്ട്.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെ രണ്ട് വീടുകൾക്ക് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു പ്രാദേശിക മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,163 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 1,01,510 പേർക്ക് പരിക്കേറ്റു.
അതിനിടെ, ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാല് വിദേശ തൊഴിലാളികൾ ഉൾപ്പടെ ഏഴുപേർ കൊല്ലപ്പെട്ടു. ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രയേൽ ഒക്‌ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽ തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മിക്കാട്ടിയുടെ പ്രസ്‌താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം. അതേസമയം, ലബനന്റെ തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ-ലബനൻ ആക്രമണം ആരംഭിച്ച ശേഷം 12 ലക്ഷത്തോളം ആളുകൾ കുടിയൊഴിക്കപ്പെട്ടതായി സർക്കാർ കണക്കുകൾ വ്യക്‌തമാക്കുന്നു. അതിനിടെ, ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുൻപ് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്.
നിരവധി ബാലിസ്‌റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽ ലക്ഷ്യങ്ങൾക്കെതിരെ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള യന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘടനകൾ വഴി ആക്രമണം നടത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിനെതിരെ 200ലധികം മിസൈലുകൾ ഉപയോഗിച്ച് ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്‌ച ഇസ്രയേൽ സൈനിക വിമാനങ്ങൾ ടെഹ്‌റാന് സമീപവും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്‌ടറികളും മറ്റും ആക്രമിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്‌താവ് തിങ്കളാഴ്‌ച പ്രഖ്യാപിച്ചിരുന്നു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ