തിരുവനന്തപുരം: ഇസ്രോ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട് സമര്‍പ്പിച്ചു. ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും കെകെ ജോഷ്വയും അടക്കമുള്ളവരാണ് പ്രതികള്‍. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
പേട്ട സിഐ ആയിരുന്ന എസ് വിജയനാണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെകെ ജോഷ്വ അഞ്ചാം പ്രതിയുമാണ്. ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ബി ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന വിആര്‍ രാജീവന്, എസ്ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്.
ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയതിന്റെ പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്പി നാരായണന് അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്താൻ ശ്രമിച്ചവരുടെ കൃത്യമായ പട്ടിക തയ്യാറാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികള്‍ക്ക് എതിരെ ഗൂഢാലോചനയ്ക്കും മര്‍ദ്ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാൻ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കേസിൽ മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് സുപ്രീം കോടതി സിബിഐയോട് നിർദ്ദേശിച്ചിരിക്കുന്നത്.
Read Also: വിസ്മയയുടെ മരണം; കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, കാറും സ്വർണവും തൊണ്ടിമുതൽ








































