ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അടുത്തയാഴ്ച തെളിവെടുപ്പ് നടപടികൾ ആരംഭിക്കും. സുപ്രീം കോടതി ജസ്റ്റിസ് ഡികെ ജെയിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡിസംബർ 14, 15 തീയതികളിൽ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുക. നമ്പി നാരായണൻ ഉൾപ്പെടയുള്ളവരെ കുടുക്കാൻ ഗൂഢാലോചന നടന്നോയെന്ന് സമിതി അന്വേഷിക്കും.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെകെ ജോഷ്വാ, എസ് വിജയൻ എന്നിവരുടെയും നമ്പി നാരായണന്റെയും മൊഴികൾ സമിതി രേഖപ്പെടുത്തും. ജസ്റ്റിസ് ഡികെ ജെയിനിന് പുറമെ റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥരായ വിഎസ് സെന്തിൽ, ബികെ പ്രസാദ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
സിബി മാത്യൂസ് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹരജിയിൽ 2018 സെപ്റ്റംബറിലാണ് സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്. കേസിൽ അന്യായമായി പ്രതി ചേർക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് ഇസ്രോ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) ചാരക്കേസ്. തിരുവനന്തപുരം ഇസ്രോ ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പി നാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു ആരോപണം.
എന്നാൽ ഇത് തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത സിബിഐ കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ചു. ഏറെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് കുറ്റാരോപിതനായ നമ്പി നാരായണന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.







































